കൊച്ചി: കേരളത്തിൽ ചാവേർ ബോംബാക്രമണത്തിന് പദ്ധതിയിട്ടെന്ന പേരിൽ എൻ.ഐ.എ. പ്രത്യേക കോടതി പത്തുവർഷത്തെ തടവിന് വിധിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി രണ്ടുവർഷത്തെ ശിക്ഷാ ഇളവ് അനുവദിച്ചു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ.) രജിസ്റ്റർ ചെയ്ത കേസിൽ ഭീകരസംഘടനയിൽ അംഗമായ കുറ്റത്തിനും ഭീകരസംഘടനയെ പിന്തുണച്ചു പ്രവർത്തിച്ചതിനുമാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിന് ശിക്ഷ വിധിച്ചത്.

ഇതാണ് അപ്പീലിൽ എട്ട് വർഷമായി കുറച്ചത്.ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

കുറ്റം ചെയ്യുമ്പോൾ പ്രതിക്ക് 29 വയസ്സായിരുന്നു. മറ്റു കുറ്റകൃത്യങ്ങൾ ചെയ്തെന്ന് കേസില്ല. ഭീകരസംഘടനയ്ക്ക് പിന്തുണ തേടി രണ്ടുപേരെയല്ലാതെ ആളുകളെ വ്യാപകമായി പ്രതി നേരിട്ടും അല്ലാതെയും സമീപിച്ചിട്ടില്ല. സമാന കുറ്റം ചെയ്ത പ്രതികൾക്ക് യഥാക്രമം ഏഴ്, അഞ്ച് വർഷം വീതമാണ് ശിക്ഷ ലഭിച്ചത്.

മനപ്പരിവർത്തനത്തിന് അവസരം നൽകൽ, ദയ അനുവദിക്കൽ തുടങ്ങിയവ പരിഗണിച്ചാണ് രണ്ട് വർഷത്തെ ശിക്ഷാ ഇളവ് അനുവദിച്ചത്.ഗൂഢാലോചനക്കുറ്റത്തിന് യു.എ.പി.എ., ഐ.പി.സി. വകുപ്പുകൾ പ്രകാരം വിചാരണക്കോടതി വിധിച്ച അഞ്ചുവർഷ തടവ് ഹൈക്കോടതിയും ശരിവെച്ചു.

ആകെ 25 വർഷത്തെ തടവാണ് വിചാരണക്കോടതി വിധിച്ചത്. എന്നാൽ, ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ഹർജിക്കാരനെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങൾക്കും തെളിവുണ്ടെന്നും വിചാരണക്കോടതി വിധിയിൽ ഇടപെടാൻ കാരണമില്ലെന്നും വ്യക്തമാക്കിയ കോടതി ശിക്ഷ ശരിവെച്ചെങ്കിലും ഇളവ് അനുവദിക്കുകയായിരുന്നു.

ഭീകരസംഘടനയിൽ ചേരാൻ പോയ ഒന്നാം പ്രതിയുമായി ബന്ധപ്പെട്ട് 2017 മുതൽ തീവ്രവാദ ആശയ പ്രചാരണം ആരംഭിച്ചു, യോഗം ചേർന്ന് ഗൂഢാലോചന നടത്തി, 2018 ഒക്ടോബർ 26-ന് യോഗം ചേർന്ന് സംസ്ഥാനത്തിന് അകത്തും പുറത്തും അക്രമങ്ങൾക്ക് പദ്ധതിയിട്ടു തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിയിക്കാനായെന്ന് വിലയിരുത്തിയായിരുന്നു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ, വിദേശ യാത്രകൾ, ആക്രമണം ആസൂത്രണം ചെയ്യുന്നതിന്‍റെ ശബ്ദസന്ദേശം, മൊബൈൽ ഫോൺ പരിശോധനയിൽ കിട്ടിയ തെളിവുകൾ, വിദേശികൾ ഉൾപ്പെടെയുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടതിന്‍റെ തെളിവുകൾ തുടങ്ങിയവയും കണക്കിലെടുത്തു.

റിയാസ് ആശയ പ്രചാരണം നടത്തിയ രണ്ടുപേരും കേസിൽ പ്രതികളായെങ്കിലും അവർ മാപ്പുസാക്ഷികളായി. അവരുടെ മൊഴികളും കോടതി പരിഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *