മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ സംശയമുന്നയിച്ച് പോലീസ്. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നും ഡ്രൈവര്‍ ബസുപയോഗിച്ച് മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതാണോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സഞ്ജയ് മോറെ(54)യെ കസ്റ്റഡിയില്‍ വിടണമെന്നാണ് പോലീസിന്റെ ആവശ്യം.
തിരക്കുള്ള നിരത്തിനെക്കുറിച്ച് ഡ്രൈവര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അപകടമുണ്ടാക്കിയ ബസ് 60-ഓളം വാഹങ്ങളെ ഇടിച്ചതായും ആദ്യ വാഹനത്തില്‍ ഇടിച്ചതിന് ശേഷം 300 മീറ്ററോളം ബസ് ഓടിക്കൊണ്ടേയിരുന്നുവെന്നും അതിനുശേഷമാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയത്.
അതുകൊണ്ടുതന്നെ ഡ്രൈവറുടെ പങ്കുകൂടി അന്വേഷിക്കേണ്ടതുണ്ട്. ഇത് വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
സംഭവസമയത്ത് ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യമടക്കം പരിശോധിക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ബസ് ഓടിച്ചിരുന്ന സഞ്ജയ് മോറെയെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കോടതി ഡിസംബര്‍ 21 വരെ ബസ് ഡ്രൈവറെ കസ്റ്റഡിയില്‍ വിട്ടു.
കുര്‍ളയിലെ ബസ് അപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. 49 പേര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.45 ഓടെയായിരുന്നു മുംബൈ കുര്‍ള വെസ്റ്റില്‍ അപകടമുണ്ടായത്.അപകടത്തിന് ഇടയാക്കിയ ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് (BEST) കാല്‍നട യാത്രക്കാരിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ച് കയറിയ ശേഷം ജനവാസ മേഖലയായ ബുദ്ധ കോളനിയിലേക്ക് കയറി ഇടിച്ചുനില്‍ക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്