കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ വഴിതടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരേ എന്തുകൊണ്ട് നടപടി ഉണ്ടായില്ലെന്ന് കോടതി ചോദിച്ചു. പോലീസ് സ്‌റ്റേഷന് മുന്നില്‍ പന്തല്‍ ഇട്ടിട്ട് എന്തു ചെയ്തു എന്നാണ് വഞ്ചിയൂര്‍ സി. ഐയോട് കോടതി ആരാഞ്ഞത്. സ്‌റ്റേജ് പൊളിച്ചാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. നടപടിയെക്കുറിച്ച് ഡിജിപി വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയത്. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടര്‍ന്ന് കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു.
50-ഓളം പോലീസുകാരെയാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിരുന്നത്. ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ പാതയോരങ്ങളില്‍ പോലും നടത്താന്‍ പാടില്ലെന്ന ഹൈക്കോടതിവിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചത്.