രഞ്ജി ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തി റെക്കോർഡിട്ട് ഗുജറാത്തിന്റെ സിദ്ധാർത്ഥ് ദേശായി. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 36 റൺസ് വിട്ടുകൊടുത്താണ് താരം ഒമ്പത് വിക്കറ്റ് നേടിയത്. 15 ഓവറുകളാണ് ഇടങ്കയ്യൻ ഓർത്തഡോക്‌സ് സ്പിന്നറായ താരം ഇതിന് വേണ്ടി എറിഞ്ഞത്.
ഈ ഫോർമാറ്റിൽ ഗുജറാത്ത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് താരത്തിൻെറത് . 2012ൽ സൗരാഷ്ട്രയ്‌ക്കെതിരെ രാകേഷ് വിനുഭായ് ധുർവ് സ്ഥാപിച്ച 8-31 എന്ന മുൻ റെക്കോർഡാണ് മറികടന്നത്. താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിൽ 30 ഓവറിൽ 111 റൺസിന് ഉത്തരാഖണ്ഡിനെ ഗുജറാത്ത് ഓൾ ഔട്ടാക്കി.
അഞ്ചാം ഓവറിൽ സിദ്ധാർത്ഥിൻ്റെ സ്പെൽ ആരംഭിച്ചു, ആ ഓവറിൽ പിഎസ് ഖണ്ഡൂരി, സമർത് ആർ, യുവരാജ് ചൗധരി എന്നിവരെ നാല് പന്തുകൾക്കുള്ളിൽ പുറത്താക്കി. ശേഷം കുനാൽ ചന്ദേലയെ എൽബിഡബ്ല്യൂവിൽ കുടുക്കിയും മായങ്ക് മിശ്രയെ പുറത്താക്കിയും അദ്ദേഹം അഞ്ച് വിക്കറ്റ് നേട്ടം ഉറപ്പിച്ചു.
ശേഷം ക്രീസിൽ നിലയുറപ്പിച്ചിരുന്ന അവ്‌നീഷ് സുധ, ആദിത്യ താരെ, അഭയ് നേഗി, ഡി ധപോള എന്നിവരെ കൂടി പുറത്താക്കി തൻ്റെ ശ്രദ്ധേയമായ ഒമ്പത് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഈ സീസണിൽ ഹരിയാന ബോളർ അൻഷുൽ കംബോജ് കേരളത്തിനെതിരെ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും വീഴ്ത്തി നേട്ടം കൊയ്തിരുന്നു.