താരരാജാക്കന്മാരുടെ നായികയായി തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിറഞ്ഞ നായിക. ‘ഗോഡ്ഫാദർ’ എന്ന മലയാള ചിത്രത്തിലെ ‘മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ’ എന്ന രസികൻ ഗാനത്തിലെ കോളജ് കുമാരിയെന്നു പറഞ്ഞാൽ ആ നടിയെ മലയാളികൾക്ക് വേഗം മനസ്സിലാകും.

ഭാവങ്ങൾ മിന്നിമറയുന്ന കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ മുഖവുമുമുള്ള കനകയെന്ന നടി ഇപ്പോൾ സിനിമയിലില്ല.ഏറെക്കാലമായി അജ്ഞാതവാസം തുടരുന്ന കനക ഇടയ്ക്കിടെ ഉയരുന്ന വിവാദങ്ങളിലൂടെയാണ് ചർച്ചയാകുന്നത്. മാധ്യമങ്ങൾ ഇടക്കാലത്ത് തന്റെ മരണം പോലും വാർത്തയാക്കിയ ഘട്ടത്തിൽ ചെന്നൈയിലെ വീട്ടിൽ ഇന്നും ജീവനോടെയുണ്ടെന്നു പറയേണ്ട അവസ്ഥ വരെ വന്നു കനകയ്ക്ക്.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടുകയാണ് ഒരു കാലത്ത് തെന്നിന്ത്യയിലെ താരസുന്ദരിയായിരുന്ന കനക. അച്ഛനമ്മമാരുടെ ദാമ്പത്യത്തിലെ അസ്വാരസ്യംകനകയെ തള്ളിവിട്ടത് അരക്ഷിതത്വത്തിലേക്കാണ്. എന്നും അമ്മയുടെ ചിറകിൻ കീഴിൽ ഒതുങ്ങാനിഷ്ടപ്പെട്ടിരുന്ന ആ മകൾ, അമ്മയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അമ്മയെയല്ലാതെ മറ്റാരെയും സ്നേഹിക്കാനോ, വിശ്വസിക്കാനോ അവർക്കറിയില്ല. കുറേ നായ്ക്കൾക്കും പൂച്ചകൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ ഏകാന്ത വാസത്തിലാണവർ.1989ൽ പുറത്തിറങ്ങിയ കരകാട്ടക്കാരൻ എന്ന ആദ്യ ചിത്രം തന്നെ ഹിറ്റ് ആയത് കനകയുടെ ജീവിതത്തിൽ വഴിത്തിരിവായി. പക്ഷേ, ഭാഗ്യം പ്രതീക്ഷിച്ചതു പോലെ കനകയെ തുണച്ചില്ല.

കനകയുടെ മറ്റു ചിത്രങ്ങൾ വിചാരിച്ചത്ര വിജയിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക്, മലയാളം സിനിമയിലെ സൂപ്പർ നായകന്മാർക്കൊപ്പം നായികയായി തിളങ്ങാൻ കനകയ്ക്ക് അവസരം ലഭിച്ചു. അതിസയ പിറവി, പെരിയ കുടംബം, ചാമുണ്ടി എന്നിവ കനക അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ് എന്നിവർക്കൊപ്പംഅഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്ത ‘ഗോഡ്ഫാദറി’ലെ മാലു എന്ന കഥാപാത്രം മുതൽ ഏഴര പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത, വാർധക്യ പുരാണം, പിൻഗാമി, നരസിംഹം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2000–ൽ റിലീസ് ചെയ്ത ‘ഈ മഴ തേൻമഴ’ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *