ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നിയന്ത്രണം നീക്കാൻ ചൈനയുടെ സൈനിക സഹകരണം തേടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് തുറക്കാൻ ചൈന പടക്കപ്പലുകളെ അയക്കണമെന്നും, ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുന്നത് വരെ ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബെയ്ജിങ്ങിലേക്ക് ഇല്ലെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൈനയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും പടക്കപ്പലുകൾ അയക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഇറാന്റെ സുഹൃത്തായ ചൈന ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈന നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ മാർച്ച് 31-ന് നിശ്ചയിച്ചിട്ടുള്ള ഷി-ട്രംപ് ഉച്ചകോടി മാറ്റിവെക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന യുഎസ് – ചൈന വ്യാപാര യുദ്ധത്തിന് പരിഹാരം കാണാനാണ് വരാനിരിക്കുന്ന ഉച്ചകോടി ലക്ഷ്യമിടുന്നത്. നേരത്തെ ദക്ഷിണ കൊറിയയിൽ വെച്ച് ഇരുനേതാക്കളും ചർച്ച നടത്തിയെങ്കിലും ഭിന്നതകൾ പരിഹരിക്കാനായിരുന്നില്ല.
ഏറ്റവും ഒടുവിൽ 2017-ൽ ട്രംപ് തന്നെയാണ് ഒരു യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ചൈന സന്ദർശിച്ചത്.ഇതിനിടെ, അമേരിക്കൻ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം ചൈനക്കെതിരെ ട്രംപ് അന്വേഷണം പ്രഖ്യാപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ചൈനയുടെ അമിത ഉൽപ്പാദനവും നിർബന്ധിത തൊഴിൽ രീതികളും അമേരിക്കൻ വിപണിയെ ദോഷകരമായി ബാധിക്കുന്നു എന്നാണ് ട്രംപിന്റെ ആരോപണം.
എന്നാൽ ഇത് “അന്യായവും ഏകപക്ഷീയവുമായ നീക്കമാണെന്ന്” ചൈനീസ് വാണിജ്യ മന്ത്രാലയം തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനികമായി സഹായിക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന്, ഈ സാഹചര്യത്തിൽ ചൈന വഴങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
