അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. ഹോർമുസ് കടലിടുക്കിൽ 15 യുദ്ധക്കപ്പലുകൾ വിന്യസിച്ചുകൊണ്ട് ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം.

ഹോർമുസ് വഴി കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്ന് പ്രഖ്യാപിച്ച യുഎസ്, നാവിക ഉപരോധത്തിന് പിന്നാലെ ഒരു കരയുദ്ധത്തിനും തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണകളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കം മേഖലയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്താൻ 15 യുദ്ധക്കപ്പലുകളെ അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചു. വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ, 11 ഡിസ്ട്രോയർ കപ്പലുകൾ, കൂടാതെ യുഎസ്എസ് ട്രിപ്പോളി ഉൾപ്പെടുന്ന ആംഫിബിയസ് റെഡി ഗ്രൂപ്പ് എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണ്ണമായും തടയാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിക്കുന്നത്.അമേരിക്കൻ ഉപരോധത്താൽ ഹോർമുസ് കടലിടുക്ക് സ്തംഭിച്ചതോടെ പശ്ചിമേഷ്യയിൽ നയതന്ത്രപ്പോര് മുറുകുന്നു.

യുദ്ധമുണ്ടായാൽ സഖ്യരാജ്യങ്ങളിലെ തുറമുഖങ്ങൾ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയപ്പോൾ, ഹോർമുസ് ഇറാൻ്റെ മാത്രം സ്വത്തല്ലെന്ന നിലപാടിലാണ് യുഎഇ. ഇതിനിടെ, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സൗദി, യുഎഇ, ഖത്തർ ഉൾപ്പെടെ അഞ്ച് അയൽരാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

മേഖലയിൽ സമാധാനം വേണമെന്ന് ഖത്തർ ആവശ്യപ്പെടുമ്പോൾ, യുഎഇയും ബഹ്റൈനും തമ്മിൽ പ്രതിരോധ ചർച്ചകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *