ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാർ ഇന്ന് രാജിവെക്കും. രാവിലെ 11-ന് ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം ഗവർണർ സയ്യിദ് അതാ ഹസ്‌നൈന് രാജിക്കത്ത് കൈമാറും.

തന്റെ ഭരണകാലത്തെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടായിരിക്കും ബിഹാറിലെ ‘നിതീഷ് യുഗത്തിന്’ അദ്ദേഹം ഔദ്യോഗികമായി തിരശീലയിടുന്നത്.ഏപ്രില്‍ 10-ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ രാജി.

പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപി, ജെഡിയു, എൻഡിഎ യോഗങ്ങൾ ഇന്ന് ചേരും. സാമ്രാട്ട് ചൗധരി, നിത്യാനന്ദ് റായ്, ദിലീപ് കുമാർ ജയ്സ്വാൾ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ എംഎൽസി സ്ഥാനവും രാജിവെച്ച നിതീഷ് കുമാർ, ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പടിയിറങ്ങുന്നത്.

സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായാൽ അത് ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകും. അതേസമയം, ജെഡിയുവിനെ തകർക്കാനായി ബിജെപി നിർബന്ധപൂർവ്വം നിതീഷിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റുകയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *