ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രയേൽ ആണെന്ന ആരോപണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ നെതന്യാഹു സ്വാധീനിച്ചതാണ് ചർച്ച അലസാൻ കാരണമെന്ന ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിലെ തീരുമാനങ്ങൾഅമേരിക്കയുടേത് മാത്രമാണെന്നും ഇറാന്റെ നിസഹകരണമാണ് പരാജയത്തിന് കാരണമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ച അമേരിക്കൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ അത് ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇനി പന്ത് ഇറാന്റെ കോർട്ടിലാണ്” എന്ന് വ്യക്തമാക്കിയ വാൻസ്, സമാധാന കരാറിലേക്കുള്ള അടുത്ത നീക്കം നടത്തേണ്ടത് ഇറാനാണെന്നും കൂട്ടിച്ചേർത്തു.ഇസ്ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും ഏപ്രിൽ 21-ലെ വെടിനിർത്തൽ കാലാവധിക്ക് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു.
ഈ വ്യാഴാഴ്ച വീണ്ടും കൂടിക്കാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും വേദിയോ സമയമോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇസ്ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നിവയാണ് പ്രധാനമായും പരിഗണനയിലുള്ള സ്ഥലങ്ങൾ. സമാധാനത്തിനുള്ള അവസാനവട്ട ശ്രമമായാണ് നയതന്ത്രലോകം ഇതിനെ കാണുന്നത്.
