യുഎസ്-ഇറാൻ തർക്കത്തിൽ പരിഹാരസാധ്യത തെളിഞ്ഞതോടെ ആഗോള വിപണികളിൽ ഉണർവ്. ആണവ പരീക്ഷണങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറായതും യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും നിക്ഷേപകർക്ക് ആശ്വാസമായി. പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്ന ഐഎംഎഫ് വിലയിരുത്തൽ വിപണിയുടെ കുതിപ്പിന് വേഗം കൂട്ടി.

ഇതോടെ ക്രൂഡ് ഓയിൽ വില ഇടിയുകയും ഓഹരി വിപണികൾ ലാഭത്തിലാവുകയും ചെയ്തു. എന്നാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില വർധന തുടരുകയാണ്.ഇറാനുമായി അടുത്ത ഘട്ട ചർച്ചകൾക്ക് യുഎസ് ഒരുങ്ങുന്നു.

ചർച്ചകൾ യൂറോപ്പിൽ നടക്കുമെന്ന ആദ്യ നിലപാട് തിരുത്തി, വരുംദിവസങ്ങളിൽ ഇസ്‌ലാമാബാദിൽ വെച്ച് കൂടിക്കാഴ്ച ഉണ്ടായേക്കുമെന്ന് ട്രംപ് സൂചന നൽകി.

ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നത് വിപണിയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഒരു സമവായത്തിൽ എത്തുന്നതോടെ മേഖലയിലെ സംഘർഷങ്ങൾക്ക് അറുതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ചർച്ചകളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ചൈനയും റഷ്യയും നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്. വൻശക്തികളുടെ ഈ നീക്കങ്ങൾ യുദ്ധഭീതി കുറയ്ക്കുന്നതിനും ആഗോള വിപണിയിൽ സ്ഥിരത കൈവരുന്നതിനും സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *