ലെബനൻ വെടിനിർത്തലിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നെന്ന ഇറാന്റെ പ്രഖ്യാപനം വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുകയാണ്. 10 ദിവസത്തേക്ക് മാത്രമാണ് ഇളവെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയെങ്കിലും, രാജ്യത്തിനകത്തുനിന്ന് തന്നെ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

ശത്രുക്കൾക്ക് വഴങ്ങരുതെന്ന നിലപാടിൽ ഇസ്ലാമിക് റവല്യൂഷനറി ഗാർഡുമായി (ഐആർജിസി) ബന്ധപ്പെട്ട സംഘടനകളും മാധ്യമങ്ങളും ഉറച്ചുനിൽക്കുന്നതാണ് തീരുമാനത്തിൽ അനിശ്ചിതത്വം തുടരാൻ കാരണം.അമേരിക്കയുടെ നിബന്ധനകൾ അംഗീകരിച്ച് വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കകം കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനുമേൽ വീണ്ടും ബോംബാക്രമണം തുടങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

എയർ ഫോഴ്സ് വൺ വിമാനത്തിൽ വെച്ചാണ് ട്രംപ് ഈ അന്ത്യശാസനം വ്യക്തമാക്കിയത്.

കരാർ വൈകിയാൽ നിലവിലെ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും കടുത്ത സൈനിക നടപടി ഉണ്ടാകുമെന്നുമാണ് ട്രംപിന്റെ നിലപാട്.ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും അവരുടെ കപ്പലുകൾ തടയുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ യുദ്ധം കൂടുതൽ ശക്തമാകുമെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്. വരുംദിവസങ്ങളിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയാണ് ഇത് വർദ്ധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *