യുഎസ് ഉപരോധത്തിൽ ഇളവ് ലഭിച്ച സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യൻ കമ്പനികൾ ചൈനീസ് യുവാൻ ഉപയോഗിച്ചു. സാധാരണഗതിയിൽ ഡോളറിൽ നടക്കുന്ന ക്രൂഡ് ഓയിൽ വ്യാപാരം, ഇറാനുമായുള്ള പ്രത്യേക സാഹചര്യത്തിൽ യുവാനിലേക്ക് മാറുകയായിരുന്നു. ഐസിഐസിഐ ബാങ്ക് വഴി നടന്ന ഈ ഇടപാട് നിയമപരമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോളറിന് പകരമായി കൂടുതൽ വിദേശവ്യാപാരങ്ങൾക്കായി ഇന്ത്യൻ കമ്പനികൾ യുവാൻ പരിഗണിക്കുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് അടഞ്ഞ പശ്ചാത്തലത്തിൽ റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതിക്ക് യുഎസ് നൽകിയ താൽക്കാലിക ഇളവ് അവസാനഘട്ടത്തിലേക്ക്.
റഷ്യയ്ക്കുള്ള ഇളവ് 30 ദിവസത്തേക്ക് കൂടി നീട്ടി നൽകിയെങ്കിലും ഇറാനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് അമേരിക്കൻ നിലപാട്. ഇറാന് അനുവദിച്ച ഇളവ് ഇന്ന് അവസാനിക്കുന്നതോടെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ തുടർന്നുള്ള എണ്ണ വ്യാപാരം പ്രതിസന്ധിയിലായേക്കും.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2 ദശലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്തത്. നാല് ഇറാനിയൻ കപ്പലുകൾക്ക് കൂടി ഇന്ത്യൻ തുറമുഖങ്ങളിൽ അനുമതി ലഭിച്ചിട്ടുണ്ട്.
ഊർജ്ജ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കമ്പനികൾ നിയമങ്ങൾക്കനുസൃതമായാണ് യുവാനിൽ ഇടപാട് നടത്തിയതെന്നും പെട്രോളിയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
പേയ്‌മെന്റ് തർക്കങ്ങൾ പരിഹരിക്കാനായി ഐസിഐസിഐ ബാങ്കിന്റെ ചൈനീസ് ശാഖ വഴി യുവാനിലാണ് ഇന്ത്യ പണം കൈമാറിയത്. യുഎസ് ഉപരോധം മറികടക്കാൻ ഇറാനിയൻ കമ്പനികൾ ഡോളറിന് പകരം യുവാൻ ആവശ്യപ്പെടുകയായിരുന്നു.
നിലവിൽ ഇറാനിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് പദ്ധതിയൊന്നുമില്ല. ഇടപാടുകൾ നിയമപരമാണെങ്കിലും അന്താരാഷ്ട്ര സാഹചര്യങ്ങൾ നിരീക്ഷിച്ചാകും ഭാവി തീരുമാനങ്ങൾ.
