ഒമാൻ ഉൾക്കടലിൽ ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തതിന് മിനിറ്റുകൾക്കകം ഇറാൻ തിരിച്ചടിച്ചു. ഇറാൻ പതാകയുള്ള ‘ടൗസ്ക’ എന്ന കപ്പൽ പിടിച്ചെടുത്തതിൽ പ്രതികാരമായി മേഖലയിലെ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ ചാവേർ ഡ്രോണുകൾ വിക്ഷേപിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി.

അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് സ്പ്രൂൻസ് ഇറാൻ കപ്പൽ വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ ഇറാൻ സൈന്യം തിരിച്ചടിച്ചു. ഒമാൻ ഉൾക്കടലിലെ അമേരിക്കൻ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചത്. അമേരിക്കയുടെ നടപടിക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

പാകിസ്ഥാന്റെ മധ്യസ്ഥതയിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് അമേരിക്ക ഇറാൻ കപ്പലിനെ ആക്രമിച്ചത്. മലേഷ്യയിൽ നിന്നുള്ള ‘ടൗസ്‌ക’ എന്ന കപ്പൽ വെടിവെച്ച് വീഴ്ത്തിയതിനെ ‘സായുധ കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അമേരിക്കയുടെ നിയമലംഘനത്തിന് സൈന്യം ഉചിതമായ മറുപടി നൽകിയെന്നും ഇറാൻ വക്താവ് വ്യക്തമാക്കി.

ഇറാനെതിരെയുള്ള നടപടി യുഎസ് സ്ഥിരീകരിച്ചെങ്കിലും, തങ്ങളുടെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇറാന്റെ ഡ്രോൺ ആക്രമണം മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വലിയ ഭീഷണിയായി. ചരക്ക് കപ്പൽ തടഞ്ഞ യുഎസിന് ഇറാന്റെ സൈനിക കരുത്ത് നേരിടേണ്ടി വരുമെന്ന സൂചനയാണ് പുതിയ നീക്കം നൽകുന്നത്.

ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയിൽ യുഎസ് പ്രതിരോധ കേന്ദ്രങ്ങൾ ആശങ്കയിലാണ്. പശ്ചിമേഷ്യ വീണ്ടും ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *