അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറണ്ട് രാജ്യം കർശനമായി പാലിക്കുമെന്ന് ഹംഗറി നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ വ്യക്തമാക്കി. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹംഗറിയിൽ പ്രവേശിച്ചാൽ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് ബുഡാപെസ്റ്റിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

രാജ്യം അന്താരാഷ്ട്ര നിയമങ്ങൾക്കൊപ്പം നിൽക്കുമെന്ന ശക്തമായ സൂചനയാണിത്.നിയമങ്ങൾ എല്ലാ രാഷ്ട്രത്തലവന്മാർക്കും അറിയാമെന്നും ഫോണിലൂടെ പ്രത്യേക വിശദീകരണം ആവശ്യമില്ലെന്നും പീറ്റർ മഗ്യാർ വ്യക്തമാക്കി. ഇതോടെ നെതന്യാഹുവിന്റെ ഒക്ടോബറിലെ ഹംഗറി സന്ദർശനം അനിശ്ചിതത്വത്തിലായി.

ഗസയിലെ യുദ്ധക്കുറ്റങ്ങൾ, ജനങ്ങളെ പട്ടിണിക്കിടൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തി 2024-ലാണ് ഐ.സി.സി (ICC) നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര നിയമം നടപ്പിലാക്കുമെന്ന ഹംഗറിയുടെ നിലപാട് ഇസ്രഈലിന് വലിയ നയതന്ത്ര തിരിച്ചടിയാണ്.

ഐ.സി.സി നടപടിക്കെതിരെ വിസ നിരോധനം ഉൾപ്പെടെയുള്ള ഉപരോധങ്ങളുമായി അമേരിക്ക രംഗത്തെത്തിയപ്പോൾ, യു.എസിന്റേത് പ്രതികാര നടപടിയാണെന്ന് ഐക്യരാഷ്ട്ര സഭ വിമർശിച്ചു.

അതേസമയം, നിയമവാഴ്ചയ്ക്ക് മുൻഗണന നൽകുന്ന പീറ്റർ മഗ്യാറിന്റെ നിലപാട് ഹംഗറിയുടെ രാജ്യാന്തര ബന്ധങ്ങളിൽ വലിയ മാറ്റമുണ്ടാക്കും. ഐ.സി.സി തീരുമാനങ്ങളെ മാനിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയനുള്ളിലെ ഒറ്റപ്പെടൽ അവസാനിപ്പിക്കാനും യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ അടുക്കാനുമാണ് മഗ്യാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *