സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണം പൂർത്തിയായതായും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
ബംഗാളി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ, നടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും രഞ്ജിത്തിന് വിരുദ്ധമാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ രഞ്ജിത്തിനെ പ്രതിയാക്കി ഉടൻ കുറ്റപത്രം സമർപ്പിക്കും.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണസംഘം കൊൽക്കത്തയിലെത്തി വിശദമായ പരിശോധനകൾ നടത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഉൾപ്പെട്ട പ്രമുഖരിൽ ഒരാളാണ് രഞ്ജിത്ത്.
