ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് നിർദേശങ്ങളെ തള്ളി ഇറാൻ. മറ്റു രാജ്യങ്ങളോട് ആജ്ഞാപിക്കാൻ ഇനി അമേരിക്കയ്ക്ക് സാധിക്കില്ലെന്നും അവരുടെ ഏകാധിപത്യം അവസാനിച്ചെന്നും ഇറാൻ പ്രതിരോധ വക്താവ് റെസ തലായി-നിക് വ്യക്തമാക്കി.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) രാജ്യങ്ങളുമായി സൈനിക ശേഷി പങ്കിടാൻ തയ്യാറാണെന്ന് അറിയിച്ച ഇറാൻ, അമേരിക്കയുടെ യുക്തിരഹിതമായ ആവശ്യങ്ങളിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടി. ഉപരോധം പിൻവലിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ നിലപാടെടുത്തപ്പോൾ, ആണവപദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന കർശന വ്യവസ്ഥയാണ് ട്രംപ് മുന്നോട്ട് വെച്ചത്. ഹോർമുസ് കടലിടുക്കിന്മേൽ നിയന്ത്രണം വേണമെന്ന ഇറാന്റെ ആവശ്യവും യു.എസ് തള്ളി.

പാകിസ്താൻ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ മേഖലയിൽ അനിശ്ചിതത്വംആണവപദ്ധതി ഉപേക്ഷിക്കില്ലെന്ന ഇറാന്റെ കടുപ്പിച്ച നിലപാടാണ് ഇസ്‌ലാമാബാദ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി.

ഇതോടെ, ഇറാൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുകയാണ്. വിട്ടുവീഴ്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറാകാത്തത് മേഖലയിലെ സംഘർഷാവസ്ഥ വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *