അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവ് ഡൊണാൾഡ് ട്രംപിന് അപൂർവ്വ സമ്മാനങ്ങൾ നൽകി.
രണ്ടാം ലോകമഹായുദ്ധകാലത്തെ ‘എച്ച്.എം.എസ്. ട്രംപ്’ അന്തർവാഹിനിയിലെ മണിയും, വൈറ്റ് ഹൗസിലെ വിഖ്യാതമായ ‘റെസല്യൂട്ട് ഡെസ്കിന്റെ’ നിർമ്മാണരൂപരേഖയുമാണ് അദ്ദേഹം സമ്മാനിച്ചത്. 1880-ൽ വിക്ടോറിയ രാജ്ഞി അമേരിക്കയ്ക്ക് നൽകിയ റെസല്യൂട്ട് ഡെസ്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന്റെ പ്രതീകമാണ്.
തിരിച്ചു ട്രംപ് നൽകിയത് ചരിത്രപ്രധാനമായ ഒരു കത്തിന്റെ പകർപ്പാണ്. ബ്രിട്ടനിലെ ആദ്യ യു.എസ്. സ്ഥാനപതി ജോൺ ആഡംസ് 1785-ൽ ജോൺ ജേയ്ക്ക് അയച്ച കത്താണിത്. ജോർജ് മൂന്നാമൻ രാജാവുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ആഡംസ് വിവരിക്കുന്ന ഈ രേഖ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ തുടക്കം കുറിക്കുന്നതാണ്
