കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഇന്നും തീരുമാനമുണ്ടാകില്ലെന്ന് സൂചന. ഇന്നലെ ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് പൂര്‍ണമായും അവധി നല്‍കിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രിയങ്കാ ഗാന്ധിയെ കൂടെ ഉള്‍കൊള്ളിച്ച് നടക്കുന്ന പുതിയ സമവായ ചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്ന സൂചനയും ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്.

ഫലപ്രഖ്യാപനം വന്ന് ഏഴ് ദിവസമായിട്ടും മുഖ്യമന്ത്രി ചര്‍ച്ചകള്‍ സമവായത്തിലെത്താതിരിക്കുന്നത് തലവേദനയായി മാറുമെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവരാണ് നിലവില്‍ ചര്‍ച്ചകള്‍ നയിക്കുന്നത്.

കേരളത്തില്‍നിന്നുള്ള നേതാക്കളില്‍നിന്ന് ഇക്കാര്യത്തില്‍ വീണ്ടും അഭിപ്രായം തേടാനാണ് സാധ്യത.ഹൈക്കമാന്‍ഡിന് മുന്നില്‍ പുതിയ ഫോര്‍മൂലയാണ് നിലവിലുള്ളതെന്നാണ് അഭ്യൂഹം. മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി നിയമിക്കുക.

ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് വി.ഡി സതീശനെയും പരിഗണിക്കുക. എഐസിസിയുടെ നിര്‍ണായക ചുമതലയിലിരിക്കുന്ന ആളെന്ന നിലയില്‍ സംസ്ഥാനത്തെ കാര്യങ്ങളില്‍ ഇടപെടാതെ പ്രാദേശിക നേതൃത്വത്തിന് അവസരം കൊടുക്കാനാണ് കെ.സി വേണുഗോപാല്‍ ശ്രമിക്കേണ്ടതെന്ന വിലയിരുത്തലും തലപ്പത്തുള്ള ചില നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഖര്‍ഗെയാണ്.

രാഹുല്‍ ഗാന്ധിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ നിര്‍ണായകമാവും.രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ നിലപാടിന് പിന്നില്‍ ഗ്രൂപ്പ് താല്‍പ്പര്യങ്ങളാണെന്ന സൂചനയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

അതേസമയം ഹൈക്കമാന്‍ഡിന് മുന്നില്‍ വി.ഡി സതീശന്‍ കെ.സിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചതും പുതിയ ഫോര്‍മൂലയ്ക്ക് തിരിച്ചടിയാണ്. താന്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പ് വളര്‍ത്തുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയുമായിട്ടുള്ള അടുപ്പം കെ.സി ദുരുപയോഗം ചെയ്തുവെന്നും ഹൈക്കമാന്‍ഡിന് മുന്നില്‍ വി.ഡി പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *