കൊച്ചി: ‘അമ്മ’ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരായ പരാതി കേൾക്കാൻ പ്രത്യേക സമിതി വേണമെന്ന നടി അൻസിബ ഹസൻ്റെ ആവശ്യം സംഘടന തള്ളി. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി വേണമെന്നായിരുന്നു അൻസിബയുടെ ഇമെയിൽ സന്ദേശം.
എന്നാൽ ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കലല്ല സംഘടനയുടെ രീതിയെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. ജൂൺ ആദ്യവാരം തെളിവുകളുമായി നേരിട്ടെത്താൻ അൻസിബയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പൊലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്ന് കാട്ടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ എസ്ഐക്കുമെതിരെ അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
