തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതലയിൽ നിന്ന് ഇൻസ്പെക്ടർമാരെ (സി.ഐ) മാറ്റി, സബ് ഇൻസ്പെക്ടർമാർക്ക് (എസ്.ഐ) ചുമതല തിരികെ നൽകാൻ പോലീസ് ഉന്നതതല സമിതി റിപ്പോർട്ട്. പിണറായി സർക്കാർ കൊണ്ടുവന്ന എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) പരിഷ്കാരം പരാജയമാണെന്ന് വിലയിരുത്തിയാണ് ആഭ്യന്തരമന്ത്രി നിയോഗിച്ച സമിതി ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരുന്നപ്പോൾ നടപ്പാക്കിയ ഈ പരീക്ഷണം സ്റ്റേഷനുകളുടെ ഊർജ്ജവും നിഷ്പക്ഷതയും നഷ്ടപ്പെടുത്തിയെന്നാണ് മുൻ ഡി.ജി.പി കെ.പത്മകുമാർ, ഐ.ജി അനൂപ് കുരുവിള ജോൺ, ഡി.ഐ.ജി എസ്.ഹരിശങ്കർ എന്നിവരടങ്ങിയ സമിതിയുടെ കണ്ടെത്തൽ.

റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 414 സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറും; എന്നാൽ പ്രത്യേക മാനദണ്ഡങ്ങളുള്ള 70 പ്രധാന സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തന്നെ തുടരും. ഡി.ജി.പി ഉടൻ തന്നെ ഈ ശുപാർശ സർക്കാരിന് സമർപ്പിക്കും.

സി.പി.എമ്മിൽ നിന്നുള്ള രാഷ്ട്രീയ എതിർപ്പുകൾ കാരണം മുൻപ് നടപ്പാക്കാതിരുന്ന ഈ റിപ്പോർട്ട്, ഒരു മാസത്തിനുള്ളിൽ ഒറ്റഘട്ടമായി നടപ്പിലാക്കാനാണ് നിലവിൽ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *