ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം രംഗത്ത്. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു രാഷ്ട്രീയ കോമാളിയായി ജി. സുധാകരൻ അധപതിച്ചുവെന്ന് എച്ച്. സലാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായി പരിഹസിച്ചു.


​നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘നനഞ്ഞ കോഴിയെപ്പോലെയാണ്’ ഇരിക്കുന്നതെന്ന സുധാകരന്റെ പരാമർശത്തിന് മറുപടിയായാണ് സലാമിന്റെ ഈ കടന്നാക്രമണം. പത്ത് വർഷമായി കേരളം ഭരിക്കുന്ന, പാർട്ടി പി.ബി അംഗമായ സഖാവ് പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും ജി. സുധാകരന് യോഗ്യതയുണ്ടോ എന്ന് സലാം ചോദിക്കുന്നു.


​താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവുമില്ലെന്നാണ് സുധാകരന്റെ വിചാരമെന്നും എച്ച്. സലാം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കാരുണ്യവും ഔദാര്യവും ഒന്നുമാത്രമാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാതിരിക്കാൻ കാരണം എന്ന സത്യം അദ്ദേഹം മറക്കരുതെന്നും സലാം ഓർമ്മിപ്പിച്ചു.


​കൂടാതെ, 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും സുധാകരൻ എന്തിനാണ് പണം പിരിച്ചതെന്നും, ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്നതിന്റെ കണക്കുകൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സലാം വെല്ലുവിളിച്ചു.

പാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും നിരന്തരം അധിക്ഷേപിക്കുന്ന സുധാകരന്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുമെന്നും എച്ച്. സലാം വ്യക്തമാക്കി. അമ്പലപ്പുഴ മണ്ഡലത്തിലെ രാഷ്ട്രീയപ്പോര് വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന സൂചനയാണ് ഈ സൈബർ പോരാട്ടം നൽകുന്നത്

Leave a Reply

Your email address will not be published. Required fields are marked *