യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി തീരുന്നതുവരെ യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) അറിയിച്ചു. യുദ്ധം നീട്ടി യു.എസിന് കനത്ത നഷ്ടമുണ്ടാക്കുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങളെ പൂർണ്ണമായി തടയാൻ കഴിയുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ ഉപദേഷ്ടാവ് മുഹമ്മദ് റസാ നഖ്ദി വ്യക്തമാക്കി.
പ്രതിദിനം ഉപയോഗിക്കുന്നതിലും കൂടുതൽ മിസൈലുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും യുദ്ധം വർഷങ്ങളോളം നീണ്ടാലും ആക്രമണം തുടരാനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇനി മിസൈലുകൾ തീർന്നാൽ പോലും ലോകമെമ്പാടുമുള്ള യു.എസിന്റെ സാമ്പത്തിക താൽപ്പര്യങ്ങളെയും നിക്ഷേപങ്ങളെയും ലക്ഷ്യമിട്ട് കൂടുതൽ വലിയ ഭീഷണി ഉയർത്താൻ ഇറാന് സാധിക്കുമെന്നും നഖ്ദി കൂട്ടിച്ചേർത്തു.

