തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വൻ ജനക്ഷേമ പദ്ധതികളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല, മറിച്ച് സാധാരണക്കാരായ യാത്രക്കാർക്ക് വലിയൊരു കൈത്താങ്ങാകാനാണ് ഈ പദ്ധതിയെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.


​ജൂൺ 15 മുതൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ സ്ത്രീകൾക്ക് പുറമേ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും കെഎസ്ആർടിസിയിൽ ഇനി മുതൽ പൂർണ്ണമായും സൌജന്യമായി യാത്ര ചെയ്യാം. തുടക്കത്തിൽ ഓർഡിനറി (Ordinary) സർവീസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.

പദ്ധതി ആരംഭിച്ച് ആദ്യത്തെ 100 ദിവസത്തെ യാത്രാ വിവരങ്ങളും സാമ്പത്തിക ബാധ്യതകളും വിലയിരുത്തിയ ശേഷമായിരിക്കും ഇത് ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള മറ്റ് ദീർഘദൂര സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ അന്തിമ ആലോചന നടത്തുക.


​സൗജന്യ യാത്ര നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ വഹിക്കുമെന്നും കോർപ്പറേഷന് ഇതിനായുള്ള പ്രത്യേക ഫണ്ട് കൈമാറുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയിട്ടുണ്ട്.

നിലവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ കെഎസ്ആർടിസിക്ക്, സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൌജന്യ യാത്ര അനുവദിക്കുന്നതോടെ വലിയൊരു വിഭാഗം പുതിയ യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഇതിനായി ബസുകളിൽ യാത്രക്കാരുടെ കൃത്യമായ കണക്കെടുപ്പ് നടത്താനുള്ള പരീക്ഷണങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *