കല്പറ്റ: വയനാട് കാട്ടിക്കുളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാട്ടിക്കുളം പുളിമൂട് ഉന്നതി സ്വദേശിയായ രാജുവാണ് മരിച്ചത്. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു രാജുവിന് നേരെ ആനയുടെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് നിലയുറപ്പിച്ച ഒറ്റയാനെ വനത്തിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

