ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 2.47 ശതമാനം വർധിച്ച് 95.40 ഡോളറിലും, യുഎസ് ഡബ്ല്യുടിഐ (WTI) വില 2.89 ശതമാനം ഉയർന്ന് 92.63 ഡോളറിലുമെത്തി. ലോകത്തെ പ്രമുഖ എണ്ണക്കപ്പലുകളുടെ സുപ്രധാന പാതയായ ഹോർമുസ് അടച്ചിടുന്നത് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്ന ആശങ്കയിലാണ് വിപണി.
അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം
യുഎസ് വ്യോമാക്രമണത്തിന് പ്രത്യാക്രമണവുമായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) രംഗത്തിറങ്ങി. ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് ഫ്ലീറ്റ് (5th Fleet) നാവിക താവളത്തിന് നേരെയും കുവൈറ്റിലെ യുഎസ് വ്യോമതാവളങ്ങൾക്ക് നേരെയും ഇറാൻ സൈന്യം ശക്തമായ ഡ്രോൺ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ യുഎസ് താവളത്തിലെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ റഡാറുകളും കമ്മ്യൂണിക്കേഷൻ ആന്റിനകളും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണംട്രംപിന്റെ പ്രസ്താവനയും യുഎസിന്റെ നിലപാടും
ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് ഇറാൻ കടുത്ത വില നൽകേണ്ടിവരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ്, മിനാബ്, സിറിക് തുടങ്ങിയ പ്രമുഖ തീരദേശ മേഖലകളിൽ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശക്തമായ ബോംബാക്രമണം നടത്തിയത്. എന്നാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന അവകാശവാദം തള്ളിയ യുഎസ് സൈന്യം, ഇപ്പോഴും വാണിജ്യ കപ്പലുകൾ ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

