കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് എറണാകുളം മഹാരാജാസ് കോളേജിൽ എം.എ ക്ലാസിലേക്ക് പ്രവേശനം നൽകിയത് ചട്ടവിരുദ്ധമായാണെന്ന് എം.ജി സർവകലാശാലയുടെ കണ്ടെത്തൽ. പ്രവേശനവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി. എസ്. ജോയി സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചതായും എം.ജി സർവകലാശാല സിൻഡിക്കറ്റ് വ്യക്തമാക്കുന്നു.
എന്നാൽ വീഴ്ച വരുത്തിയ പ്രിൻസിപ്പലിനെതിരെ കടുത്ത നടപടികൾ ഒഴിവാക്കി, ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന ‘ജാഗ്രതക്കുറവ്’ ഓർമ്മിപ്പിച്ചുള്ള താക്കീതിൽ ഒതുക്കുകയാണ് സിൻഡിക്കറ്റ് ചെയ്തത്.
പ്രധാന കണ്ടെത്തലുകൾ:
ചട്ടവിരുദ്ധമായ പ്രവേശനം: മഹാരാജാസ് കോളേജിൽ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ ആറാം സെമസ്റ്റർ പൂർത്തിയാക്കാതെയാണ് ആർഷോയ്ക്ക് പി.ജി ക്ലാസിലേക്ക് പ്രവേശനം നൽകിയത്.
ഹാജർ കുറവ്: കോഴ്സ് പാസാകുന്നതിനോ പരീക്ഷ എഴുതുന്നതിനോ ആവശ്യമായ 75% ഹാജർ ഇല്ലാതിരുന്നിട്ടും (ആർഷോയ്ക്ക് വെറും 10% ഹാജർ മാത്രമാണുണ്ടായിരുന്നത്) ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവേശനം അനുവദിക്കുകയായിരുന്നു.
തെറ്റിദ്ധരിപ്പിക്കൽ: യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 27 ദിവസത്തെ ഹാജർ നൽകിയെന്നായിരുന്നു കോളേജ് ആദ്യം സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. എന്നാൽ ചട്ടപ്രകാരം പരമാവധി 15 ദിവസത്തെ ഹാജർ മാത്രമേ ഇത്തരത്തിൽ കുറവ് ചെയ്യാൻ സാധിക്കൂ എന്ന കാര്യം മറച്ചുവെച്ചാണ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകിയത്.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്കും വൈസ് ചാൻസലർക്കും നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രവേശനത്തിലെ ചട്ടലംഘനവും മുൻ പ്രിൻസിപ്പലിന്റെ വീഴ്ചയും പൂർണ്ണമായി പുറത്തുവന്നത്. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി നേതാവിന് വഴിവിട്ട സഹായം നൽകിയ പ്രിൻസിപ്പലിനെതിരെ സിൻഡിക്കറ്റ് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഇതോടെ ശക്തമായിട്ടുണ്ട്.

