കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയിലിനെ (വീണ വിജയൻ) ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾ ഊർജ്ജിതമാക്കി.

ഇതിനായി ഇ.ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്നും എക്സാലോജിക്കിന് ലഭിച്ച 2.78 കോടി രൂപ എപ്രകാരമാണ് വിനിയോഗിച്ചതെന്ന് പരിശോധിക്കുന്നതിനൊപ്പം, ഈ പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുകെട്ടാനുമാണ് ഇ.ഡിയുടെ നീക്കം. കേസിൽ എസ്എഫ്ഐഒ (SFIO) കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 134 നിർണായക രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വീണ ഉൾപ്പെടെ ഒൻപത് പേർക്ക് ഇ.ഡി സമൻസ് അയച്ചത്. കേസിൽ ഇതാദ്യമായാണ് വീണയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത്.

സിഎംആർഎൽ ഉടമകളായ ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ശരൺ എസ്. കർത്തയോട് തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുള്ളപ്പോൾ, കമ്പനിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ അടുത്തയാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. മുമ്പ് നടത്തിയ റെയ്ഡുകളിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാകും ഇനിയുള്ള ചോദ്യം ചെയ്യലുകൾ.

Leave a Reply

Your email address will not be published. Required fields are marked *