ബെയ്‌റൂട്ട്: വ്യോമാക്രമണങ്ങൾക്കും മിസൈൽ വർഷങ്ങൾക്കും പുറമേ, സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ട് ഇസ്രഈൽ ക്രൂരമായ പുതിയ മനഃശാസ്ത്ര യുദ്ധമുറകൾ പയറ്റുന്നതായി റിപ്പോർട്ട്.

തെക്കൻ ലെബനനിൽ സാധാരണക്കാരെയും രക്ഷാപ്രവർത്തകരെയും കെണിയിൽപെടുത്താൻ ഇസ്രഈലി ഡ്രോണുകൾ വ്യാപകമായി കരയുന്ന കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദം ഉപയോഗിക്കുന്നതായി പ്രാദേശിക നിവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസയിൽ പരീക്ഷിച്ച് വിജയിച്ച ഇതേ തന്ത്രമാണ് ഇപ്പോൾ ലെബനനിലും ഇസ്രഈൽ സൈന്യം ആവർത്തിക്കുന്നത്.

മനുഷ്യത്വത്തെ ചൂഷണം ചെയ്യുന്ന തന്ത്രം

തെക്കൻ ലെബനനിലെ ഹബ്ബൂഷ് എന്ന അതിർത്തി ഗ്രാമത്തിൽ രാത്രി സമയത്ത് സഹായത്തിനായി ഉച്ചത്തിൽ നിലവിളിക്കുന്ന ഒരു കുട്ടിയുടെ ശബ്ദം കേട്ടതായി പ്രദേശവാസിയായ ഹാഷെം എന്ന പാരാമെഡിക് വെളിപ്പെടുത്തി. തലയ്ക്കുമുകളിൽ പറക്കുന്ന ഇസ്രഈലി ക്വാഡ്‌കോപ്റ്ററിൽ (ഡ്രോൺ) നിന്നാണ് ഈ ശബ്ദം പുറപ്പെടുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഭയം, ജിജ്ഞാസ, അല്ലെങ്കിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികമായ കാരുണ്യം എന്നിവയെ ചൂഷണം ചെയ്ത് ആളുകളെ വീടുകളിൽ നിന്നോ സുരക്ഷിത ഷെൽട്ടറുകളിൽ നിന്നോ പുറത്തിറക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

“ഈ ഡ്രോണുകൾ ഞങ്ങളുടെ മുകളിലൂടെ പറന്ന് വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് ഇതാദ്യമല്ല. കുട്ടികൾ നിലവിളിക്കുന്ന ശബ്ദം, ആംബുലൻസിന്റെ സൈറൺ, വിശുദ്ധ ഖുർആൻ പാരായണം, സഹായം തേടുന്ന സ്ത്രീകളുടെ ശബ്ദം എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കുന്നുണ്ട്.” — ഹാഷെം (പാരാമെഡിക്, ഹബ്ബൂഷ്)

ലക്ഷ്യം ചെറുത്തുനിൽപ്പ് പോരാളികളെ വകവരുത്തൽ

ഭൂരിഭാഗം സാധാരണക്കാരും ഒഴിഞ്ഞുപോയ ഗ്രാമങ്ങളിൽ ഇപ്പോൾ ചെറുത്തുനിൽപ്പ് പോരാളികൾ മാത്രമാണ് അവശേഷിക്കുന്നത്. ശബ്ദം കേട്ട് പുറത്തുവരുന്ന ആളുകളെ കൃത്യമായി തിരിച്ചറിയാനും അവരെ വകവരുത്താനുമുള്ള കെണിയാണിത്. ഗസയിലെ റെസിഡൻഷ്യൽ ഏരിയകളിലും അഭയാർത്ഥി ക്യാമ്പുകളിലും ഉച്ചഭാഷിണികൾ ഘടിപ്പിച്ച ക്വാഡ്‌കോപ്റ്ററുകൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ ഇത്തരം ശബ്ദങ്ങൾ കേൾപ്പിച്ച് ആളുകളെ വെടിവെച്ചിട്ടിരുന്നതായി മനുഷ്യാവകാശ സംഘടനകളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സാമൂഹിക അകൽച്ചയും മാനസിക വേട്ടയാടലും

ശബ്ദങ്ങൾ ഉപയോഗിച്ച് ആളുകളെ ആകർഷിക്കുന്നതിന് പുറമേ, പ്രദേശവാസികൾക്കിടയിൽ പരസ്പര വിശ്വാസം തകർക്കാനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. തെക്കൻ പട്ടണമായ ഹൗളയിൽ നിന്നുള്ള താരെക് മസാനി എന്ന സാമൂഹിക പ്രവർത്തകനെതിരെ ക്വാഡ്‌കോപ്റ്ററുകൾ വഴി ഇസ്രഈൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.

മസാനി ഹിസ്ബുള്ളയിൽ പെട്ടയാളാണെന്നും അതിനാൽ പ്രദേശവാസികൾ അദ്ദേഹത്തെ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ഡ്രോണുകളിലൂടെയുള്ള അനൗൺസ്‌മെന്റ്. അയൽക്കാരുടെ സുരക്ഷയെക്കരുതി ഒടുവിൽ അദ്ദേഹത്തിന് കുടുംബത്തെ ഉപേക്ഷിച്ച് മാറേണ്ടി വന്നു.

യഥാർത്ഥ ശബ്ദമേത്, റെക്കോർഡ് ചെയ്ത ശബ്ദമേത് എന്ന് വേർതിരിക്കാനാകാത്ത അവസ്ഥയിലേക്ക് സാധാരണക്കാർ മാറുന്നതോടെ ജനങ്ങളുടെ പരസ്പര വിശ്വാസം തകരുകയും ഭയം ഇരട്ടിക്കുകയും ചെയ്യുന്നു. ഇതാണ് ഇസ്രഈൽ ഈ യുദ്ധമുറയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *