കൊച്ചി: സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകരുതെന്ന് കേരള ഹൈക്കോടതി. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.
റാഗിങ്ങിന് കർശന ശിക്ഷ ഉറപ്പാക്കുന്ന കരട് നിയമഭേദഗതി മുൻ സർക്കാർ തയ്യാറാക്കിയിരുന്നുവെങ്കിലും ഭരണം മാറിയ സാഹചര്യത്തിൽ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാർ അഭിഭാഷകൻ കോടതിയിൽ സമയം തേടി. റാഗിങ് തടയാൻ ശക്തമായ നിയമനിർമാണം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, വിഷയം കൂടുതൽ വാദത്തിനായി ജൂലൈ ഒന്നിലേക്ക് മാറ്റി.

