തിരുവനന്തപുരം: മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകൻ ടി.എം. അരുണിന് എൽഡിഎഫ് ഭരണകാലത്ത് വഴിവിട്ട സഹായങ്ങൾ നൽകിയെന്ന ആരോപണവുമായി യുഡിഎഫ്. ജില്ലാ വികസന കമ്മീഷണറുടെ ഓഫീസിൽ ജൂനിയർ റിസോഴ്സ് പേഴ്സണായി അരുണിനെ നിയമിച്ചതിലും, കരാർ ജീവനക്കാരനായിട്ടും പ്രത്യേക ഉത്തരവിലൂടെ ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റിയതിലും അഴിമതിയുണ്ടെന്നാണ് ആക്ഷേപം. ജനങ്ങൾക്ക് ഉപകാരമില്ലാത്ത ഇത്തരം തസ്തികകൾക്കായി ഒരു ലക്ഷത്തിലധികം രൂപയാണ് ശമ്പളം നൽകുന്നതെന്നും ആരോപണമുണ്ട്.

നിലവിൽ സർക്കാർ മാറിയിട്ടും അരുൺ പദവിയിൽ തുടരുന്ന സാഹചര്യത്തിൽ, ഇയാളെ ഉടൻ പുറത്താക്കണമെന്നും ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം, എംടെക് യോഗ്യതയുള്ള തനിക്ക് പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചതെന്നും വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണെന്നുമാണ് അരുണിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *