ന്യൂഡൽഹി: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഹൈക്കമാൻഡുമായി അന്തിമഘട്ടത്തിലെത്തിയതായി മഹാരാഷ്ട്ര മുൻ പ്രതിപക്ഷ നേതാവ് വിജയ് വാഡെട്ടിവാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മമതാ ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങിയ പ്രാദേശിക നേതാക്കൾക്ക് സമീപകാലത്തുണ്ടായ രാഷ്ട്രീയ തിരിച്ചടികൾക്കിടയിലാണ് പ്രതിപക്ഷ നിര ശക്തമാക്കാനുള്ള ഈ നീക്കം.
ലയനത്തിന് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് വിവരം.എന്നാൽ, ലയനവുമായി ബന്ധപ്പെട്ട് പവാറിന്റെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഒരു വിഭാഗം കോൺഗ്രസ് പ്രവേശനത്തെ അനുകൂലിക്കുമ്പോൾ, മറുവിഭാഗം എൻഡിഎക്കൊപ്പം നിൽക്കാനാണ് താല്പര്യപ്പെടുന്നത്.
ഭരണപക്ഷത്തിന്റെ ഭാഗമായാൽ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാമെന്നാണ് ഇവരുടെ വാദം. 1999-ൽ കോൺഗ്രസ് വിട്ടാണ് ശരദ് പവാർ എൻസിപി രൂപീകരിച്ചത്. തുടർന്ന് 2023-ൽ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളരുകയും ഔദ്യോഗിക പക്ഷം എൻഡിഎയുടെ ഭാഗമാവുകയും ചെയ്തു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തോടെ ഇരുപക്ഷങ്ങളും തമ്മിൽ നടന്നിരുന്ന മുൻ ലയന ചർച്ചകൾ പൂർണ്ണമായി നിലച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് ലയനത്തിനുള്ള വഴി തുറക്കുന്നത്

