ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (പി.ഒ.കെ) ജനങ്ങൾക്ക് നേരെ പാകിസ്താൻ ഭരണകൂടം നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾ തുടരുന്നതിനിടെ, മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാനാണ് റാവലക്കോട്ടിലെ വൻ പ്രതിഷേധ റാലിയിൽ വെച്ച് ഇന്ത്യയോട് പരസ്യമായി സഹായം തേടിയത്.
പാകിസ്താൻ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധം മൂലം മേഖലയിൽ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണെന്നും, നിയന്ത്രണ രേഖ വഴിയുള്ള സിവിൽ യാത്രകൾക്കായി പൂഞ്ച്, ദോഡ മേഖലകൾ തുറന്നുനൽകാൻ ഇന്ത്യ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥിതിഗതികൾ ഇനിയും വഷളായാൽ ജനങ്ങൾക്ക് ഇന്ത്യയിലേക്ക് മാറാൻ അനുവാദം നൽകണമെന്നും അമൻ ഖാൻ വ്യക്തമാക്കി.കഴിഞ്ഞ ഒരു മാസത്തിലേറെയായി പി.ഒ.കെയിൽ പാക് ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. ‘പി.ഒ.കെ പാകിസ്താന്റെ ഭാഗമല്ല’ എന്ന മുദ്രാവാക്യങ്ങളുമായാണ് പതിനായിരങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് വെടിയുണ്ടകൾ കൊണ്ടാണ് അധികൃതർ മറുപടി നൽകുന്നതെന്നും, പാക് സുരക്ഷാ സേനയുടെ അടിച്ചമർത്തലിൽ ഇതിനോടകം ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
പതിറ്റാണ്ടുകളായി ഇസ്ലാമാബാദിലെ ഭരണാധികാരികൾ നടത്തുന്ന രാഷ്ട്രീയ ചൂഷണങ്ങൾക്കെതിരെ ജനക്കൂട്ടം ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ നിയന്ത്രണ രേഖയിലേക്ക് മാർച്ച് ചെയ്യാൻ പോലും മടിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി പ്രക്ഷോഭകാരികൾ മുന്നോട്ടുപോകുമ്പോൾ, മേഖലയിലെ സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുകയാണ്.

