ജറുസലേം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിക്ക് മേലുള്ള ഉപരോധങ്ങൾ നീക്കി എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത്യാധുനിക പോർവിമാനങ്ങൾ തുർക്കിക്ക് നൽകുന്നത് മിഡിൽ ഈസ്റ്റിലെ സുരക്ഷാ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു മുന്നറിയിപ്പ് നൽകി.
മുസ്ലീം ബ്രദർഹുഡ് ചിന്താഗതിയുള്ള തുർക്കി ഭരണകൂടം അമേരിക്കയെ വെറുക്കുന്നവരാണെന്നും, ഇസ്രയേലിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർക്ക് ഇത്തരം മാരകായുധങ്ങൾ നൽകുന്നത് വലിയ അക്രമങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം വിമർശിച്ചു.
നിലവിൽ നാറ്റോ ഉച്ചകോടിക്കായി അങ്കാറയിലുള്ള ട്രംപ്, തുർക്കിയെ ‘അസാധാരണ സഖ്യകക്ഷി’ എന്ന് വിശേഷിപ്പിക്കുകയും 2019-ൽ ഏർപ്പെടുത്തിയ വിലക്കുകൾ നീക്കാൻ കാബിനറ്റ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ അമേരിക്കയുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, താനും ട്രംപും തമ്മിൽ മറ്റ് തന്ത്രപ്രധാന കാര്യങ്ങളിൽ വലിയ ഭിന്നതകളില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

