യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി രണ്ട് മാസം പിന്നിടുമ്പോഴും, ഏറെ ചർച്ച ചെയ്യപ്പെട്ട എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ബവ്കോ സി.എം.ഡി കസേരയ്ക്ക് തൽക്കാലം ഇളക്കമില്ല. തന്നെ പദവിയിൽ നിന്ന് മാറ്റരുതെന്ന് അജിത് കുമാർ എക്സൈസ് മന്ത്രി എം. ലിജുവിനോട് നേരിട്ട് അഭ്യർഥിച്ചതായാണ് വിവരം.
ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റത്തിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, മാനുഷിക പരിഗണന നൽകി സാവകാശം അനുവദിക്കണമെന്നാണ് ആവശ്യം. അജിത് കുമാറിനെ മാറ്റാൻ മന്ത്രി ലിജു രണ്ട് തവണ മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതികളായ രക്ഷാപ്രവർത്തന കേസിന്റെ അന്വേഷണ റിപ്പോർട്ട് തിരുത്തിച്ചെന്ന മൊഴി ഉൾപ്പെടെയുള്ള ഗുരുതര ആക്ഷേപങ്ങൾ നിലനിൽക്കെയാണ് നടപടികളൊന്നുമില്ലാതെ അജിത് കുമാർ പദവിയിൽ തുടരുന്നത്.

