കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് സത്യവാങ്മൂലം തള്ളിയത്. കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിന് രക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഉദ്യോഗസ്ഥന് നിർദേശം നൽകി.
ഹൈക്കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഉത്തരവിലെ വാക്കുകൾ അനുചിതമായിപ്പോയെന്നും ബിജു സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു.കേസിലെ പ്രതികളായ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ട് ജൂലൈ 2-ന് പുറത്തിറക്കിയ ഉത്തരവാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ഹൈക്കോടതി വിചാരണക്കോടതിയെപ്പോലെ പ്രവർത്തിച്ചെന്നും ഉത്തരവ് നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു എന്നുമുള്ള പരാമർശങ്ങൾ കോടതിയെ അപഹസിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പരാമർശിച്ചാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
തുടർന്ന് വിവാദ പരാമർശങ്ങൾ നീക്കി പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ ഉത്തരവ് സർക്കാർ കോടതിയിൽ ഹാജരാക്കി. സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശത്തെ പുതിയ ഉത്തരവ് ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ കേസിൽ സുപ്രീംകോടതിയിൽ അപ്പീലിനുള്ള സാധ്യതയുമേറിയിട്ടുണ്ട്.

