ജെറൂസലേം: അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ധാരണാപത്രം പൂർണ്ണമായി തകർന്നതിന് പിന്നാലെ, ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിച്ചിട്ടില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യം പുതിയ സുരക്ഷാ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ഹറ്റ്സെറിം എയർഫോഴ്സ് ബേസിൽ നടന്ന ഇസ്രായേൽ വ്യോമസേനയുടെ ഗ്രാജുവേഷൻ ചടങ്ങിൽ വ്യാഴാഴ്ച അദ്ദേഹം വ്യക്തമാക്കി.
മിഡ് ഈസ്റ്റിൽ തങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും രാജ്യത്തിന്റെ ദേശീയ സുരക്ഷ നിലനിർത്താനും ഇസ്രായേലിന്റെ ആകാശ മേധാവിത്വം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായി അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

