കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ തണൽമരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.അഞ്ചുപേരാണ് അപകടത്തിൽപെട്ട കാറിലുണ്ടായിരുന്നത്.
ഇതിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശിയും മറ്റ് നാല് പേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. അലവിൽ സ്വദേശിയായ ഷാൻ സുഹൃത്തുക്കളോടൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കാറിലുണ്ടായിരുന്ന ഒരാൾ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ മറ്റ് നാല് പേരെ ഉടൻതന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ മറ്റൊരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടകാരണം ഉറക്കം തൂങ്ങിയതാവാം: ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാർ നിയന്ത്രണം വിടാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുംഭം പ്രദേശം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.
വലിയ ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഏറെ പ്രയത്നിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.

