ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യമായി, ഇത്തവണ കിരീടം നേടുന്ന ടീമിന് ട്രോഫിക്കും സ്വർണ മെഡലുകൾക്കും പുറമെ പ്രത്യേക ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ’ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഈ മോതിരങ്ങൾ, ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന സ്പെയിൻ-അർജന്റീന കലാശപ്പോരാട്ടത്തിന് ശേഷം വിജയികൾക്ക് സമ്മാനിക്കും.
ടൂർണമെന്റിന്റെ വർഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങളാണ് തയാറാക്കുന്നത്. ഇതിൽ 30 എണ്ണം ചാമ്പ്യന്മാരാകുന്ന ടീമിന് ലഭിക്കുമ്പോൾ, ബാക്കിയുള്ള 1,996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്കായി ഔദ്യോഗിക ഉത്പന്നമായി വിപണിയിലെത്തിക്കും.
ഒരു വശത്ത് ലോകകപ്പ് ട്രോഫിയും മറുവശത്ത് വിജയികളുടെ അടയാളങ്ങളും പതിപ്പിച്ച ഈ മോതിരങ്ങൾ ഓരോ വ്യക്തിയുടെയും വിരലടയാളത്തിന് അനുയോജ്യമായ രീതിയിൽ പ്രത്യേകം നമ്പറിട്ടായിരിക്കും നൽകുക. ഫൈനലിന് തൊട്ടുപിന്നാലെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താൽക്കാലിക മോതിരങ്ങൾ നൽകി ആദരിക്കുമെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

