ചെക്ക് കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്‌ക്കെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറണ്ട് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. വിധി പ്രസ്താവിക്കുന്ന സമയത്ത് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്ന് കോടതി വാറണ്ട് റദ്ദാക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി.
അപ്പീൽ സമർപ്പിക്കുന്നതിനായി കോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും, കേസിലെ അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരായ ഈ കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും കാപ്പൻ ആരോപിച്ചു

