ഇന്ന് ജന്മദിനം ആഘോഷിക്കാരിക്കെ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു രാജ്കുമാർ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് സ്കൂട്ടര്‍ വാഹന ഷോറൂമിന് തീപിടിച്ചാണ് ഇരുപതുകാരി വെന്തുമരിച്ചത്. ഇവിടത്തെ കാഷ്യർ പ്രിയയാണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി വൈകും വരെ പരിശ്രമിച്ചാണ് തീയണച്ചത്.തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്
ഈ സമയം പ്രിയ ക്യാഷ് കൗണ്ടറിലായിരുന്നു. കനത്ത പുകയും തീയും കാരണം പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസ്സം നേരിട്ടു.
സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ ഉണ്ടായ അപകടം പ്രിയയുടെ സുഹൃത്തുക്കള്‍ ഉൾപ്പെടെയുള്ളവരെ ദുഃഖത്തിലാഴ്ത്തി.