തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള പോരാട്ടം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് കീഴിൽ പ്രത്യേക ‘ആന്റി-നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. അന്തർസംസ്ഥാന, അന്തർദേശീയ ബന്ധങ്ങളുള്ള ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണ ചുമതല ഇനി മുതൽ ഈ പ്രത്യേക നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമിനായിരിക്കും.

സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ പുതിയ അന്വേഷണ സംഘത്തിന്റെ പ്രവർത്തനം ഉടനടി ആരംഭിച്ചു.ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരകരിലേക്കും പ്രധാന കണ്ണികളിലേക്കും നേരിട്ടെത്താനും, മയക്കുമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി അന്വേഷണം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് കേരള പോലീസിൽ ഈ പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് യൂണിറ്റുകൾ പ്രവർത്തിക്കുക. തൂഫാൻ നോഡൽ ഓഫീസറും നോർത്ത് റേഞ്ച് ഐ.ജി.യുമായ പുട്ട വിമലാദിത്യയായിരിക്കും ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ തലവൻ. ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, 10 എ.എസ്.ഐ/എസ്.സി.പി.ഒ/സി.പി.ഒമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഉണ്ടാകുക.

ചെറുകിട വിൽപ്പനക്കാരിൽ മാത്രം അന്വേഷണം ഒതുക്കാതെ, ലഹരിയുടെ പ്രധാന സാമ്പത്തിക ഉറവിടങ്ങളും സപ്ലൈ ശൃംഖലകളും തകർക്കുകയാണ് പ്രത്യേക സംഘത്തിലൂടെ ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. സൈബർ ലഹരിക്കടത്ത്, വൻകിട റൂട്ടുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധനയും മറ്റു സംസ്ഥാനങ്ങളിലെ പോലീസുമായി സഹകരിച്ചുള്ള സംയുക്ത അന്വേഷണവും സംഘം ഊർജ്ജിതമാക്കും.ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലത്തിൽ ലഹരി വ്യാപനം തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ, യുവജന സംഘടനകളുടെയും പങ്കാളിത്തത്തോടെ വാർഡ് തലത്തിൽ ‘ജനജാഗ്രതാ സമിതികൾ’ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടൽ തുടങ്ങിയ കർശന നിയമ നടപടികൾക്കൊപ്പം, ലഹരിക്ക് അടിമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ‘തൂഫാൻ കെയർ’ പുനരധിവാസ പ്രവർത്തനങ്ങളും ഇതോടൊപ്പം ഊർജ്ജിതമാക്കും.

Leave a Reply

Your email address will not be published. Required fields are marked *