ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ നയിക്കുന്നവരും വൻകിട ഓഹരി ഉടമകളും തമ്മിൽ അതിരൂക്ഷമായ അഭിപ്രായവ്യത്യാസം. ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന് 5 വർഷത്തേക്ക് കാലാവധി നീട്ടിനൽകിയ ഡയറക്ടർ ബോർഡ് തീരുമാനവും കമ്പനിയെ ഓഹരി വിപണിയിൽ (ഐപിഒ) ലിസ്റ്റ് ചെയ്യാനുള്ള തീരുമാനവുമാണ് വലിയ തർക്കങ്ങൾക്ക് വഴിതുറന്നത്.

ബോർഡ് യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ഈ തീരുമാനങ്ങൾ പാസാക്കിയതെങ്കിലും, ഇരു തീരുമാനങ്ങളും തികച്ചും നിയമവിരുദ്ധവും കമ്പനിയുടെ നിയമാവലികൾക്ക് വിരുദ്ധവുമാണെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായ നോയൽ ടാറ്റ തുറന്നടിച്ചു.

ടാറ്റ സൺസിന്റെ 66 ശതമാനത്തോളം ഓഹരികൾ കൈവശമുള്ള ടാറ്റ ട്രസ്റ്റ്സിന്റെ വോട്ടവകാശത്തെ മറികടന്നാണ് ബോർഡ് തീരുമാനം കൈക്കൊണ്ടതെന്നാണ് നോയൽ ടാറ്റയുടെ പ്രധാന ആരോപണം. ട്രസ്റ്റ് പ്രതിനിധികളായ ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണയില്ലാതെ ഇത്തരമൊരു നിയമനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.

റിസർവ് ബാങ്ക് (RBI) നിർദ്ദേശപ്രകാരം ടാറ്റ സൺസിനെ പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തിലും ട്രസ്റ്റ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. കമ്പനിയുടെ സ്വകാര്യ സ്വഭാവം നിലനിർത്താനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്നും, പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികൾ തേടണമെന്നും നോയൽ ടാറ്റ ആവശ്യപ്പെട്ടതോടെ വരും ദിവസങ്ങളിൽ വിഷയം വലിയ നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *