ഭാര്യയെയും ഉറ്റ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ വാർത്തയറി‍ഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് പത്തനംതിട്ട കലഞ്ഞൂർ ​ഗ്രാമം. മരപ്പണിക്കാരായ പ്രതി ബൈജുവും, കൊല്ലപ്പെട്ട വിഷ്ണുവും ജോലി കഴിഞ്ഞ് രാത്രിയിൽ ഒരുമിച്ചായിരുന്നു എത്തിയത് പോലും. അതിനു ശേഷമാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കൂടി ഭാ​ഗമായി അരുംകൊലകൾ നടക്കുന്നത്.

അടുത്ത കൂട്ടുകാരനായ വിഷ്ണുവിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടോയെന്ന സംശയമാണ് കൊലപാതകത്തിലേക്കെത്തിയത്. ഇവർ തമ്മിൽ നേരത്തേയും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻപ്, ബൈജു മര്‍ദിക്കുന്ന കാരണത്താൽ ഭാര്യ വൈഷ്ണ സ്വന്തം വീട്ടിലേക്ക് പോയി നിൽക്കേണ്ടി വന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്.

തന്റെ ഭാര്യയ്ക്ക് വിഷ്ണുവിനോട് അടുപ്പമുണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ്, ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രതി ബൈജുവിന്റെ മൊഴി. വൈഷ്ണ ഭർത്താവറിയാതെ, രഹസ്യമായി ഉപയോ​ഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തിയതാണ് പെട്ടെന്നുള്ള പ്രകോപനമായി കരുതുന്നത്. ആ ഫോണിലെ വാട്സാപ്പിൽ വിഷ്ണുവുമായുള്ള ചാറ്റ് കണ്ടെന്നാണ് പ്രതി പറയുന്നത്.

ഭർത്താവ് ഫോണ്‍ നോക്കുന്നത് കണ്ടതോടെ, അപകടം മണത്ത വൈഷ്ണ ഓടിക്കയറിയത് വിഷ്ണുവിന്റെ വീട്ടിലേക്കാണ്. കതകില്‍ തട്ടി വിളിക്കവേ, വിഷ്ണു ഇറങ്ങി വരും മുമ്പുതന്നെ വൈഷ്ണയെ ബൈജു വെട്ടിയിരുന്നു. ആദ്യ കൊലയ്ക്ക് ശേഷം, വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടിക്കൊന്നു.ബൈജുവും വിഷ്ണുവും മരപ്പണിക്ക് ഒരുമിച്ച് പോകുന്നവരാണെന്നും, ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും അയല്‍വാസി പറയുന്നു.

കൊലപാതകത്തിന് പിന്നാലെ മരിച്ച വിഷ്ണുവിന്റെ അമ്മയെ പൊലീസ് മറ്റൊരു വീട്ടിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *