പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ 8മണി മുതലാണ് തുടങ്ങുക.
പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെടുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്.
പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
