കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നേരിട്ട തോൽവിക്ക് കാരണം കോൺഗ്രസ് നേതൃത്വത്തിന്റെ പിന്നിൽ നിന്നുള്ള കുത്താണെന്ന ഗുരുതര ആരോപണവുമായി പി.വി. അൻവർ എഫ്.ബി കുറിപ്പിലൂടെ രംഗത്തെത്തി. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടതിനാലാണ് തന്റെ നിശബ്ദമായ പിൻവാങ്ങലെന്ന് വ്യക്തമാക്കിയ അദ്ദേഹം, “ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല” എന്ന് പരിഹസിക്കുകയും ചെയ്തു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് ഈ വിമർശനം. യു.ഡി.എഫിന് ലഭിച്ച സീറ്റുകളിൽ ഭൂരിഭാഗവും താൻ നടത്തിയ പോരാട്ടത്തിന്റെ ഫലമാണെന്നും, പ്രതിപക്ഷ നേതാവിനും കുടുംബത്തിനുമെതിരെയുള്ള വെളിപ്പെടുത്തലുകൾ തന്റെ പോരാട്ടത്തിന്റെ സത്യസന്ധത വ്യക്തമാക്കുന്നുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.

