ചണ്ഡീഗഢ്: ചണ്ഡീഗഢ് സെക്ടർ 43-ലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിന് (ISBT) സമീപത്ത് നിന്ന് വൻ സ്ഫോടകവസ്തുശേഖരവുമായി മൂന്ന് വിഘടനവാദി ഭീകരരെ ചണ്ഡീഗഢ് പോലീസ് അറസ്റ്റ് ചെയ്തു. ലവ്പ്രീത് സിങ് (19), ജഷൻപ്രീത് സിങ് (21), പ്രഭ്പ്രീത് സിങ് (19) എന്നിവരാണ് പിടിയിലായത്.

നിരോധിത വിഘടനവാദി സംഘടനയായ ബബർ ഖൽസ ഇന്റർനാഷണലുമായി (BKI) ബന്ധമുള്ള ഇവരിൽ നിന്ന് 5 കിലോ ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ, പവർ സ്രോതസ്സ്, റിമോട്ട് കൺട്രോൾ സംവിധാനം എന്നിവയടങ്ങുന്ന ഐ.ഇ.ഡി (Improvised Explosive Device) നിർമ്മാണ സാമഗ്രികൾ ടിഫിൻ ബോക്സ് ബാഗിലാക്കിയ നിലയിൽ പോലീസ് കണ്ടെടുത്തു.

കൂടാതെ ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്ത് കഴിയുന്ന സത്നാം സിങ് എന്ന സത്താ നൗഷേരയുടെ നിർദ്ദേശപ്രകാരം ചണ്ഡീഗഢിൽ ഭീകരാക്രമണം നടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സെക്ടർ 36 പോലീസ് സ്‌ഫോടകവസ്തു നിരോധന നിയമ പ്രകാരവും ആംസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *