സേവ് ബോക്സ് ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലിലെ മൊഴികൾ പരിശോധിച്ച ശേഷമാണ് ഇഡിയുടെ ഈ നീക്കം. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത തേടാനാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.
തൃശൂർ സ്വദേശി സ്വാദിക് റഹിം നടത്തിയ സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു. ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയ്ക്ക് തട്ടിപ്പ് പണത്തിന്റെ വിഹിതം ലഭിച്ചോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് രണ്ട് ദിവസമായി പത്ത് മണിക്കൂറിലേറെയാണ് അന്വേഷണ സംഘം ജയസൂര്യയെ ചോദ്യം ചെയ്തത്. തട്ടിപ്പിനിരയായവരിൽ നിന്ന് സമാഹരിച്ച കോടികൾ എവിടെയെല്ലാം എത്തിയെന്നതിലാണ് ഇഡി വ്യക്തത തേടുന്നത്.
