ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) ഹാക്കിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും പോലീസിലേക്ക് കൈമാറാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രമേശ് ചെന്നിത്തല പങ്കെടുത്ത വാർത്താസമ്മേളനത്തിൽവെച്ചാണ് അന്വേഷണം ആവശ്യപ്പെടുന്ന കത്ത് ഉണ്ണിത്താൻ കൈമാറിയത്.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതി ജില്ലാ പോലീസ് മേധാവിക്ക് എത്താതിരുന്നതിൽ ആഭ്യന്തര വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടപ്പെടുന്നു.കാസർകോട്ടെ കോൺഗ്രസ് ഡി.സി.സിയിലും യു.ഡി.എഫിലും വിഷയം വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാനാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന ഗൗരവകരമായ ആരോപണത്തിൽ എത്രയും വേഗം ഉന്നതതല അന്വേഷണം വേണമെന്നാണ് എം.പിയുടെയും മറ്റ് പ്രാദേശിക നേതാക്കളുടെയും നിലപാട്.

