ഡൽഹിയിൽ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാനിർദ്ദേശം നൽകി. വടക്കൻ ഡൽഹി, മധ്യ ഡൽഹി ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ റെഡ് അലർട്ടും കിഴക്കൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾശ്രദ്ധിക്കാനും സുരക്ഷിതമായി ഇരിക്കാനും നിർദ്ദേശമുണ്ട്.ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് തുടരുന്നു.

നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിൽ പകൽ മുഴുവൻ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം കാരണം വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും മിതമായ മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയോടെ നഗരത്തിലെ അതിരൂക്ഷമായ വായു മലിനീകരണത്തിന് (AQI) താൽക്കാലിക ശമനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വാരാദ്യത്തിലെ കനത്ത മഴയ്ക്ക് പിന്നാലെ വീണ്ടും മഴയെത്തുന്നത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *