തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി വിപുലമായ ആശ്വാസ പാക്കേജിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. പ്രളയത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും, പൂർണ്ണമായി വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും (വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ) ധനസഹായം നൽകും.
വെള്ളം കയറിയ വീടുകൾക്കും വ്യാപാരികൾക്കും പതിനായിരം രൂപ വീതം അടിയന്തര ധനസഹായം ലഭിക്കും. കൃഷിനാശത്തിന് നഷ്ടപരിഹാരം 25% വർധിപ്പിക്കാനും, ദുരിതബാധിതർക്ക് പ്രതിദിന ആനുകൂല്യം, വാടക വീട്, കടലോര മേഖലയിൽ സംരക്ഷണം, എംഎസ്എംഇകൾക്ക് ഇളവുകളോടെ ഉജ്ജീവന വായ്പ എന്നിവ നൽകാനും കാബിനറ്റ് യോഗം തീരുമാനിച്ചു.

